Sunday, November 20, 2016

Billy Lynn's Long Halftime Walk

ആംഗ് ലീയുടെ 'Billy Lynn's Long Halftime Walk' കണ്ടു. ഉയര്‍ന്ന റിസല്യൂഷനിലുള്ള ത്രീഡിയും, ഉയര്‍ന്ന ഫ്രെയിം റേറ്റുമൊക്കെക്കൊണ്ട് അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ വാര്‍ത്തയായ ചിത്രമാണെങ്കിലും, ഇവിടെ ലുലു പി.വി.ആറില്‍ പോലും നമുക്കു കാണാന്‍ കിട്ടിയത് സാദാ 2Dയാണ്.

Weekend entertainment ഉദ്ദേശിച്ച് തിയറ്ററില്‍ പോകുന്നവര്‍ ഈ ചിത്രം കണ്ടിട്ടു കാര്യമില്ല. അതിഥി താരമായെത്തുന്ന വിന്‍ ഡീസലും, ട്വിലൈറ്റ് ഫെയിം ക്രിസ്റ്റെന്‍ സ്റ്റെവാര്ട്ടും, പിങ്ക് പാന്തര്‍ താരം സ്റ്റീവ് മാര്‍ട്ടിനുമൊക്കെയുണ്ടെങ്കിലും സിനിമ entertainer അല്ല.

വളരെ സോഫ്റ്റായ ആക്ഷേപഹാസ്യത്തിലൂടെ (സറ്റയര്‍ എന്നു മലയാളം) ബുഷ്‌ കാലത്തെ ഇറാക്കിലെ സൈനിക നടപടിയെയും, അതിനോട് അമേരിക്കയില്‍ സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അവയെ നേരിടാന്‍ ബുഷ്‌ നടത്തിയ പ്രമോഷനുകളെയും ഒരു ചെറിയ സംഭവത്തിലൂടെ വിമര്‍ശിക്കുന്നു സിനിമയില്‍. എന്നാല്‍ സിനിമയിലെ സംഭാഷണങ്ങള്‍ പലയിടത്തും ക്ലച്ച് പിടിക്കുന്നില്ല. Soft satire കമ്മ്യൂണിക്കെറ്റ്‌ ചെയ്യപ്പെടുന്നില്ല. നായകന്‍ ഉള്‍പ്പെടെ ചിലരുടെയെങ്കിലും അഭിനയം അഭിനയമാണെന്നു പലയിടത്തും നമുക്കു തോന്നുന്നു.

എന്തായാലും ചിത്രം entertainerഉം ആയില്ല, "നല്ല സിനിമയും" ആയില്ല. പക്ഷേ ആംഗ് ലീയുടെ പരിശ്രമത്തെ കുറച്ചു കാണുന്നില്ല. യുദ്ധ ഭൂമിയില്‍ നടക്കുന്നതും അതു മാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതും തമ്മിലുള്ള അന്തരവും, പട്ടാളക്കാരെക്കുറിച്ചു സമൂഹത്തിന്‍റെ സങ്കല്‍പ്പങ്ങളും, കുടുംബത്തിന്‍റെ ആധിയും, "യുദ്ധവീരന്മാരെയും" യുദ്ധങ്ങളെയും രാഷ്ട്രീയക്കാരും സിനിമയും മാര്‍ക്കറ്റ് ചെയ്യുന്നതുമൊക്കെ അമേരിക്കയിലെപ്പോലെ ഇന്ത്യയിലും ഇപ്പോള്‍ വിഷയമാണല്ലോ.

ശ്രീകൃഷ്ണന്‍ - അര്‍ജുനന്‍ ഉപദേശത്തെക്കുറിചുള്ള വിന്‍ ഡീസലിന്റെ പരാമര്‍ശവും, അത്തരത്തിലുള്ള ഡീസലിന്റെ ഉപദേശവും (സബ്‌ ടൈറ്റില്‍ ഇല്ല, കേട്ടു മനസ്സിലാക്കിയേ പറ്റൂ), വാഹനത്തിലെ ഗണപതിയുമൊക്കെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കൌതുകമുണ്ടാക്കും. ഹോളിവുഡ് നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് കൂടുതലായി ലക്ഷ്യമിടുന്നുവെന്നതിന്റെ തെളിവു കൂടിയാണ് ഇത് (ഇര്‍ഫാന്‍ ഖാന്‍റെ സ്പൈഡര്‍മാന്‍, ജുരാസ്സിക്ക് വേള്‍ഡ് റോളുകളും ഓര്‍ക്കുക).

തിരക്കഥയാണ് സിനിമയുടെ പ്രഥാന പോരായ്മ. സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാല്‍ ഓര്‍ക്കാന്‍ കാര്യമായൊന്നും ശേഷിക്കുന്നില്ല. സിനിമയിലെ ഏറ്റവും communicate ചെയ്യപ്പെട്ട സീന്‍ സ്റ്റെടിയത്തില്‍ (അമേരിക്കന്‍ ഫുട്ബോളിന്റെ) ഹാഫ് ടൈമില്‍ പട്ടാളക്കാരെ കാഴ്ച്ച വസ്തുക്കളായി നിര്‍ത്തി പോപ്‌ സംഗീതം അവതരിപ്പിക്കുന്നതും അന്നേരം നടക്കുന്ന കരിമരുന്നു പ്രയോഗവുമാണ്.

സില്‍വസ്റ്റര്‍ സ്റ്റാലന്റെ ഫസ്റ്റ് ബ്ലഡില്‍ കണ്ട പോലെ യുദ്ധവീരന്മാരെ കൊട്ടിഘോഷിക്കുന്നതിനപ്പുറം സമൂഹം അവരുടെ ഒപ്പം നില്‍ക്കുന്നില്ല എന്ന പ്രശ്നം ബില്ലി ലിന്നിലും പ്രതിപാദിക്കുന്നുണ്ട്.