എറണാകുളം ചിൽഡ്രൻസ് പാർക്കിലെ കുഞ്ഞു സിനിമാ ഹാളിൽ ഇന്ന് ഓഡേസ പ്രദർശിപ്പിച്ച ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' കണ്ടു. ജോൺ എബ്രഹാമിന്റെ ഒരു സിനിമ കാണുന്നതാദ്യമായാണ്. എഴുപതുകളും, എൺപതുകളും, പിന്നെ തോണ്ണൂറുകളുടെ ആദ്യ പകുതിയുമുൾപ്പെടുന്ന മലയാള സിനിമയുടെ സുവർണ്ണ കാലത്തെ മികച്ച സിനിമകളൊക്കെ കണ്ടിട്ടും ഇതുവരെ ജോണിന്റെ സിനിമകൾ കാണാൻ അവസരം കിട്ടിയിരുന്നില്ല.
മലബാറിലെ ഏതോ ഗ്രാമത്തിൽ നിന്ന് ഡൽഹിയിലേക്ക് ഉപരിപഠനത്തിനു പോകുന്ന പുരുഷു (ജോയ് മാത്യു) യാത്രാ മധ്യേ വയനാട്ടിൽ വച്ച് ഒരു അജ്ഞാത മൃതദേഹം കാണുന്നു. തൂങ്ങി മരിച്ചതാണെന്നറിയുന്നു. മരിച്ചയാളെ മുഖപരിചയമുള്ള പുരുഷു യാത്ര അവസാനിപ്പിച്ച് അയാളേപ്പറ്റി അന്വേഷിക്കാനാരംഭിക്കുന്നു. ആ അന്വേഷണത്തിന്റെ യാത്രയും ഒടുവിൽ മരിച്ചയാളുടെ അമ്മയെ വിവരമറിയിക്കാനുള്ള യാത്രയുമാണ് സിനിമ. മൃദംഗവും തബലയുമൊക്കെ വായിക്കുന്ന കമ്മ്യൂണിസ്റ്റ് അനുഭാവിയായ ഹരി എന്ന യുവാവാണു മരിച്ചത്. ഒളിവിലായിരിക്കേ പൊലീസ് പിടിയിലാവുന്ന ഹരിയുടെ കൈപ്പത്തി പൊലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ടു ചവിട്ടി വികലമാക്കുന്നു. ഇനിയും തബല വായിക്കാനാവില്ല എന്ന നിരാശയിലായിരിക്കണം ഹരി ആത്മഹത്യ ചെയ്യുന്നത്.
സിനിമയിലെ പ്രധാന പ്രമേയമായ ഹരിയുടെ കഥയും, വിവരണങ്ങളിലൂടെ പറയുന്ന സമര ചരിത്രങ്ങളും കൂടാതെ അവിടവിടെയായി ഓരോ ദൃശ്യങ്ങളിലും പ്രകടമായും അല്ലാതെയും പലതും പറയുന്നുണ്ട് 'അമ്മ അറിയാൻ'. പറയാനുള്ളത് ദൃശ്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പലതവണ ആവർത്തിച്ചുറപ്പിച്ചു (രെജിസ്റ്റർ ചെയ്ത്) പോകുന്ന പോപ്പുലർ ഇന്ത്യൻ സിനിമാരീതിയിൽ നിന്നു വ്യത്യസ്ഥമായി ഒരേ സീനിൽ തന്നെ പല കാര്യങ്ങൾ subtle ആയി മിന്നിമാഞ്ഞു (glimpses) പോകുന്ന രീതിയാണ് അമ്മയറിയാനിൽ. പൊലീസ് ക്യാമ്പിലെ ഉരുട്ടൽ രംഗവും, എട്ടു വയസ്സുകാരന്റെ അപ്പം തീറ്റയും, അങ്ങനെയൊരുപാടു രംഗങ്ങൾ.
ഇന്നത്തെ മിക്ക മലയാളം ചിത്രങ്ങളേയും അപേക്ഷിച്ച്, എന്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ സിനിമകളേപ്പോലും അപേക്ഷിച്ച് ഔട്ട് ഡോർ സീനുകൾ കൂടുതലുണ്ട് 'അമ്മ അറിയാനിൽ'. എഴുപതുകളിലേയും എൺപതുകളിലേയും 'ആർട്ട്' ടാഗുണ്ടായിരുന്ന ചില ചിത്രങ്ങളെങ്കിലും ഇഴഞ്ഞിഴഞ്ഞ് കാണികളെ ബോറടിപ്പിച്ചിരുന്നെങ്കിൽ, 'അമ്മ അറിയാനിൽ' കഥാ ഗതിക്കു വേഗമുണ്ട്. പിന്നെ ചിത്രം റിലീസ് ചെയ്ത കാലത്തെയപേക്ഷിച്ച് ജോയ് മാത്യുവടക്കം ചില നടന്മാരെങ്കിലും സമീപ കാലത്തു പ്രശസ്തരായത് സിനിമക്കു പ്രയോജനം ചെയ്തിട്ടുണ്ട്.
ഒരു "പങ്കാളിത്ത ജനാധിപത്യ" പ്രൊഡക്ഷനിൽ നിന്നു പ്രതീക്ഷിച്ചതിലും മികച്ച ഫോട്ടോഗ്രഫിയും, സംവിധാനവും, എഡിറ്റിങ്ങുമാണ് അമ്മയറിയാനിൽ. പ്രൊഡക്ഷൻ ഒട്ടും അമേച്ച്വറിഷ് അല്ല, മികച്ച പ്രഫഷണൽ നിലവാരത്തിലുള്ളതാണ്. സത്യത്തിൽ ഇന്നത്തെ മിക്കവാറും ന്യൂ ജനറേഷൻ ചിത്രങ്ങളേക്കാളും മികച്ചതാണു അമ്മയറിയാനിന്റെ ഫോട്ടോഗ്രഫിയും, സംവിധാനവും. ജോൺ ഒരു ബുദ്ധിജീവി മാത്രമല്ല മികച്ചൊരു ടെക്നീഷ്യൻ കുടിയാണ് എന്നു ചുരുക്കം.
സീനുകളുടെ ഒഴുക്കിൽ ചിലേടത്ത് ചെറിയ gliches ഉണ്ടായിരുന്നു (ഉദാ: പാറമടയിലെ കറുപ്പുസ്വാമിയുടെ രംഗം). അത് എഡിറ്റിങ്ങിലെ തകരാറാണോ, അതോ ഞാൻ കണ്ട പ്രിന്റിന്റെ തകരാറാണോ എന്നു വ്യക്തമല്ല. അമ്മയറിയാനിന്റെ ഏറ്റവും വലിയ പോരായ്മ സിനിമ ഏതാണ്ടു പാതിയോളം ഡോക്യുമെന്ററിയായിപ്പോയിട്ടുണ്ട് എന്നുള്ളതാണ്. ആത്മഗതങ്ങളും വിവരണങ്ങളും മറ്റും ദൃശ്യങ്ങളുടെ മേൽ വോയ്സ് ഓവർ കമന്ററിയായി ഇടക്കിടെ വരുന്നത് സിനിമയുടെ കാലാമൂല്യം (Artistic value) കുറക്കുന്നുണ്ട്.