കുടുംബം കലക്കുന്ന റിയാലിറ്റി ഷോകൾ നിരോധിക്കാൻ വനിതാ കമ്മീഷൻ ശുപാർശ്ശ ചെയ്യണം; അവയിൽ നിന്നു റിട്ടയേർഡ് ജഡ്ജിമാരെ വിലക്കണം
സ്വകാര്യവ്യക്തികളുടെ ദാമ്പത്യ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ചർച്ച ചെയ്തു കാഴ്ച്ചക്കാരെ രസിപ്പിക്കുന്ന ടെലിവിഷൻ റിയാലിറ്റി ഷോകൾ സർക്കാർ ഉത്തരവു വഴി നിരോധിക്കണം എന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. അമൃത ടിവിയിൽ മുൻകാല നടി മിഥുബാല അവതരിപ്പിക്കുന്ന "കഥയല്ലിതു ജീവിതം", കൈരളി ടിവിയിൽ നടി ഉർവ്വശി അവതരിപ്പിക്കുന്ന ...... എന്നിവയാണു ഇത്തരത്തിൽ നിലവിലുള്ള റിയാലിറ്റി ഷോകൾ. അമൃതയിലെ "കഥയല്ലിതു ജീവിതം" ആണ് മലയാളത്തിൽ ഇത്തരത്തിലെ ആദ്യ സംരംഭം, അതിന്റെ വിജയത്തേത്തുടർന്നാവണം മറ്റു ചാനലുകൾ ആ വഴി പിന്തുടർന്നത്.
പരദൂഷണത്തിനുള്ള വാസന, അഥവാ അന്യരുടെ കുറ്റങ്ങൾ പരസ്പരം പറഞ്ഞു രസിക്കാനുള്ള മനുഷ്യന്റെ താത്പര്യമാണ് ഇത്തരം പരിപാടികളുടെ വിജയത്തിനു പിന്നിൽ. മുൻകാലങ്ങളിൽ പണിയില്ലാത്ത ആളുകൾ വീട്ടിലിരുന്ന് അയൽക്കാരേക്കുറിച്ച് ഊഹക്കഥകൾ മെനയുന്നതിൽ ഒരൽപ്പം സർഗ്ഗാത്മകത ഉണ്ടായിരുന്നെങ്കിൽ, ഇന്ന് അതിനു പോലും മെനക്കെടേണ്ടാത്ത വിധത്തിൽ അന്യരുടെ ദാമ്പത്യ പ്രശ്നങ്ങൾ ചാനലുകൾ നമ്മുടെ കൺമുന്നിലെത്തിക്കുന്നു.
സാമ്പത്തികമായും സാമൂഹികമായും തീരെ പിന്നോക്കം നിൽക്കുന്നവരുടെ തീർത്തും സ്വകാര്യമായ ദാമ്പത്യ പ്രശ്നങ്ങൾ, അവ പരിഹരിക്കാനെന്ന വ്യാജേന കാഴ്ച്ചക്കാരെ രസിപ്പിക്കാനായി ടെലിവിഷനിൽ അവതരിപ്പിച്ച് വഷളാക്കുകയാണ് ചാനലുകാർ ചെയ്യുന്നത്.
ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനായി നിയമവും ശാസ്ത്രവും അംഗീകരിക്കുന്ന മാർഗ്ഗം സ്വകാര്യമായി നടത്തുന്ന കൗൺസിലിങ്ങാണ്. അത്തരം കൗൺസിലിങ്ങ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അല്ലെങ്കിൽ പരിശീലനം സിദ്ധിച്ച കൗൺസിലർ മുഖേനയാണു നൽകേണ്ടത്. എന്നാൽ മനഃശാസ്ത്രപരമായ യാതൊരു വൈദഗ്ധ്യവുമില്ലാത്ത സിനിമാ നടിമാരാണ് ടെലിവിഷൻ പരിപാടിയിൽ പ്രശ്നം കൈകാര്യം ചെയ്യുന്നത്. ഈ നടിമാരാവട്ടെ പരിപാടിയുടെ പ്രൊഡ്യൂസർമ്മാർ ടി.ആർ.പി സാധ്യതകൾ പരിഗണിച്ച് നൽകുന്ന നിർദ്ദേശപ്രകാരമാണ് ഷോ മുന്നോട്ടു കൊണ്ടുപോവുക.
ഇത്തരം പരിപാടികളിൽ, പരിപാടിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ വേണ്ടി ഒരു റിട്ടയേർഡ് ജഡ്ജിയെ സ്യൂട്ട് ധരിപ്പിച്ച് ഇരുത്താറുണ്ട്. ഇതു ജുഡീഷ്യൽ സർവ്വീസിൽ നിന്നു റിട്ടയർ ചെയ്ത മജിസ്ത്രേട്ടോ ജില്ലാ ജഡ്ജിയോ ആണെന്നാണു സങ്കൽപ്പം. വിനോദം മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം റിയാലിറ്റി ഷോകളിൽ നിന്നും റിട്ടയേർഡ് ലോ ഓഫീസർമ്മാർ വിട്ടു നിന്നു മാന്യത കാണിക്കണമെന്ന് ആം ആദ്മി പാർട്ടി അഭ്യർത്ഥിക്കുന്നു. അവരതിനു തയ്യാറല്ലെങ്കിൽ സർക്കാരിൽ നിന്നു പെൻഷൻ വാങ്ങുന്ന ജുഡീഷ്യൽ ഓഫീസർമ്മാരെ ഇത്തരം നടപടികളിൽ നിന്നു സർക്കാർ തന്നെ തടയേണ്ടതാണ്.
പാവപ്പെട്ട മനുഷ്യരുടെ കുടുംബം കലക്കുന്ന ഈ ക്രൂര വിനോദത്തിനെതിരായ സന്ദേശം ജനങ്ങളിലെത്തിക്കാനാണു ഈ പോസ്റ്റ്. അടുത്ത പടിയായി ഇക്കാര്യം സംബന്ധിച്ച് ആം ആദ്മി പാർട്ടി, സംസ്ഥാന വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകും. പരിഹാരമുണ്ടായില്ലെങ്കിൽ അതിനു ശേഷം റിട്ട് ഹർജ്ജിയുമായി ഹൈക്കോടതിയെ സമീപിക്കും .