ഉമ്മൻ ചാണ്ടി ബുദ്ധിയുള്ള ആളാണു. ജനസമ്പർക്ക പരിപാടി അതൊരു ക്ലാസ്സിക്ക് തന്ത്രമാണു. ഭരണാധികാർക്കു സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ദരിദ്രവാസിയുടെ മനസ്സിൽ കയറിപ്പറ്റാനുള്ള വിദ്യ. പണ്ടു ഫ്യൂഡൽ തമ്പുരാക്കന്മാർ ഉപയോഗിച്ചിരുന്നു. പാവപ്പെട്ടവനു എന്തെങ്കിലും നക്കാപ്പിച്ച തമ്പുരാന്റെ കൈകൊണ്ടു കൊടുത്താൽ അവർക്കു വലിയ സന്തോഷമാകും. തമ്പുരാനോടു വിധേയത്വം തോന്നും. ജനാധിപത്യ രാഷ്ട്രീയത്തിൽ അതു വോട്ടായി മാറും.
ദരിദ്രവാസിയെ ആശ്രിതനാക്കുന്ന ഈ ഗിമ്മിക്കിനു പകരം മുഖ്യമന്ത്രി ചെയ്യേണ്ടത്, അവരെ സഹായം ചോദിച്ചു തന്റെയടുത്ത് എത്തിക്കാനുള്ള അവസരം ഉണ്ടാവാത്ത തരത്തിൽ സംവിധാനത്തിനു മാറ്റം വരുത്തുകയാണു.
എന്നാൽ ഈ സത്യം വിളിച്ചു പറഞ്ഞു കൊണ്ട് ഇതിനെ എതിർക്കാൻ ഇടതു പക്ഷത്തിനായില്ല. കാരണം ഈ ഏർപ്പാട് തുടങ്ങി വെച്ചത് അവരുടെ കാലത്തായിരുന്നു. നായനാർ മുഖ്യമന്ത്രിയായിരുന്ന 90 കളിലാണു മുഖ്യമന്ത്രിയെ നേരിട്ടു ഫോണിൽ വിളിക്കുന്ന പരിപാടി ആരംഭിച്ചതു. പിന്നീടു ഉമ്മൻ ചാണ്ടി ഒരു വർഷത്തേക്കു മഖ്യമന്ത്രിയായപ്പോൾ സെക്രട്ടറി ജിജി തോംസണുമായിച്ചേർന്നു അതു ടിവി പരിപാടിയായി മാറ്റി. അച്യുതാനന്തൻ മുഖ്യമന്ത്രിയായപ്പോൾ അതു ഏറ്റു പിടിച്ചു. ഇപ്പോൾ ഉമ്മൻ ചാണ്ടി വളരെ വിപുലമായി ഒരു കോർപ്പർറ്റ് പരസ്യ പ്രചാരണ ക്യാപെയ്ൻ പോലെ ഇതുപയോഗിക്കുന്നു. ഇവിടെ ഉമ്മൻ ചാണ്ടിയാണു താരം. സഹായത്തിനായി കാത്തുകെട്ടിക്കിടക്കുന്ന പാവം ജനങ്ങളല്ല.